മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ രാജ്യത്ത് തൊഴിലില്ലായ്മ വർധിപ്പിക്കുകയാണെന്നും ഇന്ത്യ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുകയാണെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. അമേരിക്കയിലെ കൊളംബിയ സർവകലാശാലയിൽ നടന്ന സംവാദ പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്രസർക്കാരിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചത്. വോട്ടുകൊള്ള ഉൾപ്പെടെയുള്ള വിഷയങ്ങളും അദ്ദേഹം ചർച്ചയിൽ പരാമർശിച്ചു.
കഴിഞ്ഞ പത്ത് വർഷമായി രാജ്യത്ത് പിന്തുടരുന്ന സാമ്പത്തിക മാതൃക പ്രതീക്ഷിച്ച ഫലങ്ങൾ നൽകിയിട്ടില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. വർധിച്ചുവരുന്ന തൊഴിലില്ലായ്മ, വിദ്യാഭ്യാസ മേഖലയിലെ പോരായ്മകൾ, ഉത്പാദന ശേഷിയിലെ കുറവ് എന്നിവ ഇന്ത്യയുടെ ഭാവിക്ക് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉന്നത വിദ്യാഭ്യാസം നേടിയ യുവാക്കൾക്ക് പോലും തൊഴിൽ കണ്ടെത്താൻ കഴിയാത്ത സാഹചര്യം മധ്യവർഗ കുടുംബങ്ങളിൽ നിരാശ സൃഷ്ടിക്കുന്നുണ്ട്. ഐ.ഐ.ടി, ഐ.ഐ.എം പോലുള്ള പ്രമുഖ സ്ഥാപനങ്ങളിൽനിന്ന് ബിരുദം നേടിയവർക്കുപോലും അർഹമായ തൊഴിൽ ലഭിക്കാത്ത സ്ഥിതിയാണുള്ളത്. ഇതിന്റെ പ്രതിഫലനമാണ് വിദ്യാർത്ഥി പ്രതിഷേധങ്ങളെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ടപ്പ് ഇന്ത്യ തുടങ്ങിയ കേന്ദ്രസർക്കാർ പദ്ധതികൾ പ്രതീക്ഷിച്ച രീതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നില്ലെന്നും ഏതാനും പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾക്ക് മാത്രമാണ് ഇത്തരം പദ്ധതികളുടെ പ്രയോജനം ലഭിക്കുന്നതെന്നും രാഹുൽ ആരോപിച്ചു.
രാജ്യത്ത് തിരഞ്ഞെടുപ്പ് ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും അതിന് തെളിവുകളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിലുണ്ടായിരുന്ന ഭയത്തിന്റെ അന്തരീക്ഷത്തിൽ മാറ്റം വന്നതോടെ ജനങ്ങൾ തുറന്നുപറയാൻ തുടങ്ങിയിട്ടുണ്ട്. ഈ മാറ്റം മനസിലാക്കുന്നതിനുപകരം പ്രതിഷേധങ്ങളെ അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.