ദത്തെടുക്കപ്പെട്ട കുട്ടികളെ ഔദ്യോഗിക രേഖകളിൽ പ്രത്യേകം വേർതിരിച്ച് രേഖപ്പെടുത്തുന്നത് ഒഴിവാക്കണമെന്ന് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. ജനനത്തിലൂടെയോ ദത്തെടുക്കലിലൂടെയോ കുടുംബബന്ധങ്ങൾ രൂപപ്പെടാമെങ്കിലും മക്കൾ എന്ന നിലയിൽ യാതൊരു വിവേചനവും ഉണ്ടാകരുതെന്ന് കോടതി വ്യക്തമാക്കി. പിതാവിന്റെ മരണശേഷം ലഭിച്ച പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റിൽ ‘ദത്തെടുത്ത മകൾ’ എന്ന് രേഖപ്പെടുത്തിയതിനെ ചോദ്യം ചെയ്ത് തൃശൂർ സ്വദേശിനി നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
ഇ-ഡിസ്ട്രിക്ട് പോർട്ടലിൽ ദത്തെടുക്കപ്പെട്ട മക്കൾക്കായി പ്രത്യേക വിഭാഗമോ ഓപ്ഷനോ നൽകേണ്ടതില്ലെന്ന് കോടതി നിർദേശിച്ചു. എല്ലാ ഔദ്യോഗിക രേഖകളിലും ‘മകൻ’ അല്ലെങ്കിൽ ‘മകൾ’ എന്ന പരാമർശം മാത്രം മതിയാകും. ഇതുമായി ബന്ധപ്പെട്ട നിലവിലെ മാർഗനിർദേശങ്ങളിൽ ഒരു മാസത്തിനുള്ളിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ റവന്യൂ വകുപ്പ് സെക്രട്ടറിക്കും കോടതി നിർദേശം നൽകി.
1990-ൽ ദത്തെടുക്കപ്പെട്ട ഹർജിക്കാരി മാതാപിതാക്കളുടെ ഏക മകളാണ്. അമ്മയുടെ മരണശേഷം ലഭിച്ച അവകാശ സർട്ടിഫിക്കറ്റിലും മറ്റ് ഔദ്യോഗിക തിരിച്ചറിയൽ രേഖകളിലും മകൾ എന്ന് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിതാവിന്റെ മരണാനന്തരമുള്ള അവകാശ സർട്ടിഫിക്കറ്റിൽ ‘ദത്തെടുത്ത മകൾ’ എന്ന പരാമർശം ഉൾപ്പെടുത്തിയത് തന്റെ വ്യക്തിപരമായ അന്തസ്സിനെ ബാധിക്കുമെന്നും സ്വകാര്യജീവിതത്തിൽ അനാവശ്യ ചോദ്യങ്ങൾക്കും അന്വേഷണങ്ങൾക്കും കാരണമാകുമെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചു.
നിയമപ്രകാരം ദത്തെടുക്കപ്പെട്ടവരും കുടുംബത്തിലെ മക്കൾ
ഹിന്ദു ദത്തെടുക്കൽ നിയമത്തിലെ 12-ാം വകുപ്പ് പ്രകാരം ദത്തെടുക്കപ്പെട്ട കുട്ടികൾ നിയമപരമായി കുടുംബത്തിലെ മക്കൾ തന്നെയാണെന്ന് കോടതി നിരീക്ഷിച്ചു. സാധാരണ സാമൂഹിക ഇടപെടലുകളിൽ ആരെയും ദത്തുപുത്രൻ അല്ലെങ്കിൽ ദത്തുപുത്രി എന്ന് പ്രത്യേകം വിശേഷിപ്പിക്കാറില്ല. അങ്ങനെയിരിക്കെ ഔദ്യോഗിക രേഖകളിൽ മാത്രം ഇത്തരം വേർതിരിവ് നിലനിർത്തേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
അവകാശ സർട്ടിഫിക്കറ്റിൽനിന്ന് ‘ദത്തെടുത്ത’ എന്ന വാക്ക് ഒഴിവാക്കി പുതിയ സർട്ടിഫിക്കറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ നൽകാൻ തൃശൂർ തഹസിൽദാർക്ക് കോടതി നിർദേശം നൽകി.
ഹർജിക്കാരിയുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി യഥാർത്ഥ പേര് വെളിപ്പെടുത്തിയിട്ടില്ല. കേസിന്റെ നടപടികൾക്കായി ‘അൻമോൾ’ എന്ന പേരാണ് കോടതി ഉപയോഗിച്ചത്. അമൂല്യം എന്നർത്ഥം വരുന്ന പേരാണിത്.