ബന്ധുക്കളെ യാത്രയാക്കുന്നതിനായി വന്ദേഭാരത് എക്‌സ്‌പ്രസിൽ കയറിയ 12 പേർക്ക് അപ്രതീക്ഷിതമായി ട്രെയിനിനുള്ളിൽ കുടുങ്ങേണ്ടിവന്നു. ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിലുകൾ അടഞ്ഞതോടെയാണ് ഇവർക്ക് പുറത്തേക്ക് ഇറങ്ങാൻ കഴിയാതായത്. ഏകദേശം 79 മിനിറ്റിന് ശേഷമാണ് ട്രെയിൻ അടുത്ത സ്റ്റേഷനിൽ നിർത്തിയത്. തുടർന്ന് പുറത്തിറങ്ങിയ യാത്രയയക്കാനെത്തിയവർക്ക് റെയിൽവേ 36,000 രൂപ പിഴ ചുമത്തി.
ട്രെയിൻ യാത്രയ്ക്കുള്ള ടിക്കറ്റോ പ്ലാറ്റ്‌ഫോം ടിക്കറ്റോ ഇല്ലാതെയാണ് ഇവർ വന്ദേഭാരതിൽ പ്രവേശിച്ചത്. ഇതിനെ തുടർന്നാണ് റെയിൽവേ പിഴ ഈടാക്കിയത്. ബന്ധുക്കളെ യാത്രയാക്കാനെത്തിയവർക്ക് ട്രെയിനിനുള്ളിൽ ഇത്രയും സമയം ചെലവഴിക്കേണ്ടിവന്നതിനൊപ്പം വലിയ തുക പിഴയായും നൽകേണ്ടിവന്നു.